Sunday, June 9, 2013

ചുവന്ന റോസാപ്പൂവ്

ചുവന്ന റോസാപ്പൂവ്



Published by : Malayalam Thumbappoo on 2013, ജൂൺ 7 | 9:00 AM


3 വർഷം മുൻപ് ഇതേ വാലന്റൈൻ ദിവസമാണ് അവളെ ആദ്യമായിക്കണ്ടത് ....
 
ഒരുപാടു ദിവസങ്ങൾ അവളുടെ പുറകെ നടന്നു .പക്ഷെ തന്റെ സ്നേഹം അവൾ മനസ്സിലാക്കിയില്ല.

തന്നെ എന്തുകൊണ്ടാണ് അവൾ മനസ്സിലാക്കാത്തത്‌.  ?

ഏതായാലും തീർന്നു..ഇന്നത്തെ ആ ദിവസം അതിനുള്ളതാണ്,,

ഇനിയൊരിക്കലും അവളുടെ പിന്നാലെ നടക്കാൻ തനിക്കു പറ്റില്ല....
പക്ഷെ അത് അവളോട്‌ പറയണമല്ലോ...ഏതായാലും അവൾ ഇന്ന് ആ കോഫി ഷോപ്പിൽ വച്ച് കാണാം എന്ന് സമ്മതിച്ചിട്ടുണ്ട്....
ടേബിളിൽ വച്ചിരുന്ന ആ ചുവന്ന  റോസാപൂവുമെടുത്തുഅവൻ യാത്രയായി...
ഇത് നമ്മുടെ അവസാന കണ്ടു മുട്ടലായിരിക്കും  കോഫി ചുണ്ടിൽ വച്ച് കൊണ്ട്  അവൾ അവനോടായി പറഞ്ഞു...

അതെ ഇനി ഞാനും  ശല്യപ്പെടുത്താൻ വരില്ല  അവനും പറഞ്ഞു...
ഞാൻ തന്റെ അടുത്ത് പറഞ്ഞിട്ടില്ലേ എനിക്ക് ഇതുപോലുള്ള പൂക്കളും ഒന്നും കൊണ്ട് വരരുതെന്ന്...
സോറി ഇത് നിനക്ക് തരാനല്ല....അവൻ അത് പറഞ്ഞതും...ഒരു പെണ്‍കുട്ടി അവര്ക്ക് നേരെ വന്നു...

അവൾ ഞെട്ടിപ്പോയി തന്റെ അനിയത്തി....
ചേച്ചി എന്നോട് ക്ഷമിക്കണം  ...ചേച്ചിയുടെ പുറകെ ഇത്രയും കാലം നടന്നിട്ടും ചേച്ചി ഇവനെ മനസിലാക്കിയില്ല....

പക്ഷെ സത്യസന്ധമായ ആ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ എനിക്കായില്ല....
ഞാനിവനെ സ്നേഹിക്കുന്നു....
അവൻ ആ റോസാ പുഷ്പ്പം  അവൾക്കായി സമ്മാനിച്ചു.
ഇപ്പോൾ മനസ്സിലായില്ലേ ആർക്ക്  വേണ്ടി ആയിരുന്നു ആ റോസാ എന്ന്...

അവന്റെ ആ ചോദ്യം കേട്ട് അവൾ ആശ്ച്ചര്യപ്പെട്ടുപോയി ....
തന്റെ അനിയത്തിയോടോപ്പം അവൻ പോയി മറയുന്നത് അവൾ നോക്കി നിന്നു..

അവൾ ഒളിപ്പിച്ചു വച്ചിരുന്ന റോസാപ്പൂവ് രണ്ടുതുള്ളി കണ്ണീരിനോപ്പം തറയിലേക്ക് വലിച്ചെറിഞ്ഞിട്ടു അവൾ നടന്നകന്നു .......

അജിത്‌ പി കീഴാറ്റിങ്ങൾ 

Wednesday, May 29, 2013

Monday, May 27, 2013

ഓർമ്മയിൽ ഒരു മഴക്കാലം .... (നോവൽ ഭാഗം 1)

ഓർമ്മയിൽ ഒരു മഴക്കാലം .... (നോവൽ ഭാഗം 1)

ഇടവപ്പാതി മഴ ആടിത്തിമിർക്കുകയായിരുന്നു.മഴ നനഞ്ഞു കൊണ്ടാണ്  സുനിൽ വീടിനു വെളിയിൽ എത്തിയത്. തന്റെ പൾസർ ബൈക്ക് സ്റ്റാൻഡിൽ ഇട്ടിട്ടു അയാൾ ഡോർ തുറന്നു വേഗം തന്നെ വീടിനുള്ളിലേക്ക് കയറി. നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു സുനിൽ . പെട്ടന്ന് തന്നെ തല നന്നായി തുവർത്തി. ഈ തണുപ്പ് മാറ്റാൻ നല്ലതു ഹോട്ടാ. അയാൾ മനസ്സിൽ ഓർത്തു.                          ജോണിവാക്കെർ ഗ്ലാസ്സിൽ പകർന്നു വച്ചതിനു ശേഷം  ഡ്രെസ്സ് മാറ്റി അയാൾ ചെയറിൽ വന്നിരുന്നു . ടേബിളിൽ ചിതറിക്കിടക്കുന്ന പത്രങ്ങളും മാസികകളും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനാള് മുൻപതെതാ... ഓരോന്നും അയാൾ മറിച്ചുനോക്കി. ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് സുനിൽ നമ്പ്യാർ. ഒരു നമ്പർവൻ പത്ര സ്ഥാപനത്തിൽ  നിന്നും ജോലി വലിച്ചെറിഞ്ഞ് സ്വതന്ത്ര പത്ര പ്രവർതകനായവൻ.അവിവാഹിതൻ,തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ താമസിക്കുന്നത് കണ്ണൂരാണ്. ഒന്നരവർഷമായൊരു വാടകവീടിലാണ്.ഒരിടത്തും തങ്ങി നിൽക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇവിടം പിടിച്ചെന്നു തോന്നുന്നു.തിരുവനന്തപുരത്ത് വീട്ടിൽ പോയിട്ടും കാര്യമില്ല ,അമ്മയുള്ളത് ചേട്ടനോപ്പം ദുബായീലാണ്...                                                    പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ട്. ഒരു സിപ്പ് മദ്യം അയാള് അകത്താക്കി. കുട്ടിക്കാലത്തെ മഴക്കാലവും , മഴനനഞ്ഞു ഓടിയതുമെല്ലാം അയാളുടെ ഓർമ്മയിലൂടെ മാഞ്ഞുപോയി. ആ ഒര്മ്മകളെല്ലാം ചേർത്തു വച്ചാണല്ലോ മഴക്കാലം ഒരോർമ്മ എന്ന തൻറെ പുസ്തകം പ്രസ്ദീകരിച്ചത്.ടേബിളിൽ ഒത്തിരി കത്തുകൾ കുന്നു കൂടി കിടക്കുന്നു.കത്തുകൾ പൊട്ടിച്ചിട്ട് ഒത്തിരി നാളുകൾആയിരിക്കുന്നു.തെയ്യത്തെ ക്കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചറിനായി രണ്ടാഴ്ചയായിപുറത്തായിരുന്നല്ലോ?  ഏതായാലും ഒന്നാന്തരം ഒരു ഫീച്ചറിനായുള്ള  വിവരണങ്ങൾ എല്ലാം ശരിയായാതിൽ.  അയാൾ ആശ്വസിച്ചു.തനിക്കു വന്ന കത്തുകൾ ഓരോന്നായി അനിൽ പൊട്ടിച്ചു നോക്കി .പുറത്തു മഴ വീണ്ടും ശക്തി പ്രാപിച്ചു. തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. ജനൽ ചില്ലകൾ അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ജനലിന്റെ കൊളുത്തിട്ട ശേഷം അയാൾ കസേരയിൽ  വന്നിരുന്നു.ആരാധകരുടെ കത്തുകളും , ചില ഭീക്ഷണി കത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പെട്ടന്നാണ് ഒരു ബ്രൌണ്‍ കവർ അയാളുടെ ശ്രദ്ധയിൽപെട്ടത്. അനില നായർ ഫ്രം കവടിയാർ, തിരുവനന്തപുരം.

അത് വായിച്ചതും ഉള്ളിലൂടെ ഒരു മിന്നൽ പിണരിന്റെ നാരു പാഞ്ഞുപോയി.ആ കവർ പൊട്ടിക്കുമ്പോൾ സുനിലിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.കത്ത് പൊട്ടിച്ചു ,വടിവൊത്ത അക്ഷരത്തിലെ വരികൾ അയാൾ വായിച്ചു." പ്രിയ സുഹൃത്ത്‌ സുനിലിനു വർഷങ്ങൾക്കു ശേഷം അനില എഴുതുന്നത്‌,സുഖമാണോ? ഈ കത്ത് നീ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം. നിന്റെ അഡ്രെസ്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വരുന്ന 23  നു എന്റെ കല്യാണമാണ് നീ വരണം. നീ വരുമെന്നും നേരിൽ കാണാമെന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.ക്ഷണകത്ത്‌ ഇതോടൊപ്പം അയക്കുന്നു.എന്ന്  അനില നായർ.’’ കത്ത് വായിച്ചതും സുനിൽ ഞെട്ടി. കോളേജിലെ തൻറെ ഏറ്റവും വലിയ സുഹൃത്തായിരുന്നു അനില . പക്ഷെ നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അവളുടെ കത്ത്, കല്യാണം....മനസ്സില് ഒരായിരം ചോദ്യങ്ങൾ യുദ്ധഭീതി യുണർത്തി  കടന്നുപോയി.പക്ഷെ 5 വർഷം മുൻപ്  അനിലയുടെ  കല്യാണം നടന്നതായാണല്ലോ താൻ അറിഞ്ഞത്. അതും പ്രശാന്തുമായിട്ട് . പക്ഷെ ഈ ക്ഷണ കത്തിൽ വരൻ ഒരു സുശാന്താണ്. അങ്ങനെയെന്ഗിൽ പ്രശാന്ത്  എവിടെപ്പോയി.അവൾക്കെന്താണ് സംഭവിച്ചത് ?ജനൽ ചില്ലകൾ അവൻ തുറന്നിട്ടു.കാറ്റിൻറെ ദേക്ഷ്യം അല്പ്പം കുറഞ്ഞെന്നു തോന്നുന്നു.ഒരു ഇളംതെന്നൽ തണുപ്പിന്റെ പകിട്ടുമായി വന്നു തന്നെ പൊതിഞ്ഞത് അയാളറിഞ്ഞു.ദിവസങ്ങൾ എത്രപെട്ടന്നാണ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്. സുനിലിന്റെ  മനസ്സ് അല്പ്പനേരതെക്കൊന്നുസങ്കോചിച്ചു.വലിയ കോർപ്പറേറ്റ് ഭീമൻമാരെപ്പോലും പേനയുടെ തുമ്പിൽ നിർത്തുന്ന സുനിൽ നമ്പ്യാർക്ക്  ഈ കത്തിന് മുന്നില് പിടിച്ചു നില്ക്കാൻ കഴിയാത്തതുപോലെ. അനിലയും , സുശാന്തും ഒരു നിഴൽ ചിത്ര കഥയെന്ന പോലെ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞു വന്നു. ടെൻഷൻ കാരണം സുനിലിനു ഇരിക്കാൻ കഴിഞ്ഞില്ല.മൊബൈൽ ഫോണ്‍ എടുത്തു അജേഷിന്റെ നമ്പർ  ഡയൽ ചെയ്തു.കോളേജിലെ തന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു അവൻ.ഇപ്പോൾ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഒക്കെ ആണ്.അവനിപ്പോൾ നാട്ടിലുണ്ടല്ലോ.അവൻ മനസ്സിലോർത്തു.ഹലോ അജെഷില്ലേ ? അജെഷേട്ടൻ കുളിക്കുവാ...അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദം . അജേഷിന്റെ വൈഫ്‌ ആയിരുന്നു .ഓക്കേ വരുമ്പോൾ സുനിൽ നമ്പ്യാർ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി .ഫോണ്‍ കട്ട്‌ ചെയ്തു 10 മിനിട്ടിനു ശേഷം അജേഷ് തിരിച്ചു വിളിച്ചു.കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ അവനോടു പറഞ്ഞു.ക്ഷണക്കത്ത് അവനും കിട്ടിയിരിക്കുന്നു.ഏതായാലും ജൂണ്‍ 23 നു കല്യാണത്തിന് നമ്മൾ പങ്കെടുക്കണം.അത് അത്...വാക്കുകൾ പെറുക്കിയെടുക്കാൻ സുനിൽ നന്നേ ബുദ്ധി മുട്ടുന്നുണ്ടായിരുന്നു. ഓക്കേ ഞാൻ എത്തും.അത്രയും പറഞ്ഞു അനിൽ ഫോണ്‍ കട്ട്‌ ചെയ്തു.അജെഷിനോട് സംസാരിച്ചെങ്കിലും സുനിലിൻറെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.    എന്താണ് അവളുടെ വിവാഹം ഇത്രയും വൈകിയത്.     പുറത്തു ശക്തിയായി ഇടിവെട്ടി. മിന്നല പിണരുകൾ ശക്തിയായി ഞെട്ടിച്ചു.മനസ്സിന്റെ പിരിമുറുക്കം അയാൾ അറിഞ്ഞു. എന്തായാലും അവളെ നേരിൽ കാണുക തന്നെ വേണം.തന്റെ മനസ്സിലെ ചോദ്യങ്ങല്ക്കുള്ള ഉത്തരം അപ്പോഴേ കിട്ടുകയുള്ളൂ.പുറത്തു മഴയുടെ ഇരമ്പൽ ഒന്ന് കുറഞ്ഞു.അനിൽ വാതിൽ തുറന്നു.മഴ കുറഞ്ഞെങ്കിലും തണുപ്പിനു തീവ്രത കൂടുന്നതവാൻ മനസ്സിലാക്കി.ഒരു സിഗരറ്റിനു തീ കൊളുത്തി.ഓർമ്മകളുടെ ഒരായിരം മഴത്തുള്ളികൾ മനസ്സിന്റെ ഇടവഴികളിൽ പെയ്തു തുടങ്ങിയിരിക്കുന്നു..കണ്ണിൽ ഒരുകുടം മഴമേഘങ്ങൾ ഉരുണ്ടു കൂടിയ ആ ദിനങ്ങളെ എന്തിനാണ് ഓർമ്മയിലേക്ക് ക്ഷണിച്ചത്.                മനസ്സിലൊരു പിറു പിറുപ്പു. സ്വൽപ്പനേരത്തേക്ക് ആ ഓർമ്മയിലേക്കൊരു യാത്ര. ആ ഓർമ്മയിൽ കോളേജിലെ തണൽ മരങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. കാത്തിരിപ്പുകൾ എന്നും ആ നീളൻ മരത്തിന്റെ ചുവട്ടിൽ ആയിരുന്നല്ലോ. പ്രിയപ്പെട്ടവർ ഒത്തുകൂടിയിരുന്ന വഴി മരം.ഓർമ്മയിലെ മഴമേഘങ്ങൾ തിമിർത്തു പെയ്തു തുടങ്ങിയിരിക്കുന്നു.തണുത്ത കുളിർ തെന്നൽ ആ മഴമുത്തുകളെ നൊമ്പരത്തിന്റെയും വിരഹതിന്റെയുംഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നു. തെറ്റ് പറ്റിയത് മഴയ്ക്കണോ അതോ തനിക്കോ? സുനിൽ നമ്പ്യാർ ചിന്തയിലാണ്ടു.കാറ്റിൻറെ ശക്തിയിൽ അയാളുടെ കൈയ്യിലിരുന്ന ക്ഷണകത്ത്‌ പാറിപറന്നു. ആരോടാണ് മഴയ്ക്കിത്ര പക .                                ഓർമ്മകൾ അയാളെ ക്ഷണിക്കുകയാണ് ആർത്തിരമ്പിയ മഴ പാച്ചിലിൽ നിന്ന് രക്ഷതേടി ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ കയറി നില്ക്കാൻ.......

(തുടരും )

അജിത്‌ പി നായർ, കീഴാറ്റിങ്ങൽ
















Wednesday, May 22, 2013

നിന്നെയും കാത്ത്‌....

 
 
 
അവളിന്നും ആ കടൽ തീരത്ത് അവനെ കാത്തിരുന്നു.അവൻ വരില്ല എന്നറിയാമായിരുന്നിട്ടും...
കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണല്ലോ.
ജീവിതത്തിൽ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും മോഹങ്ങളും ഈ കടൽ തീരത്താണ് നഷ്ടപ്പെട്ടത് .
തനിക്കവനെ ഒഴിവാക്കാൻ തന്റെ രോഗവിവരം പറയേണ്ടിവന്നു...
എന്നാലും താൻ അത് പറയാൻ താമസിച്ചതിലുള്ള വിഷമമായിരുന്നു അവന്
അവന് അതൊരു പ്രശ്നമേ അല്ലായിരുന്നു....പക്ഷെ അവന്റെ ജീവിതം കയ്പ്പ് നീരാക്കാൻ താനൊരിക്കലും ആഗ്രഹിചില്ലായിരുന്നു.
എന്റെ ജീവിതത്തിൽ ഇനി അധിക നാളില്ലടാ ..എന്ന് താൻ പറഞ്ഞ ആ നിമിഷം ഒർക്കാൻ കൂടി വയ്യ....
അവനെ പിരിഞ്ഞിട്ടു ഇന്നേക്ക് 6 വർഷമായിരിക്കുന്നു.
പ്രണയത്തിന്റെ മഴക്കാലങ്ങളും റോസാ പൂക്കളും ,ചുംബനങ്ങളും
ഒരു മാരിവില്ലുപോലെ മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.
എല്ലാ വർഷവും ഈ കടൽ തീരത്ത് അവനെയും പ്രതീക്ഷിച്ചു താൻ എന്തിനാണ് നില്ക്കുന്നത് അറിയില്ല.....
പ്രണയം മനസ്സിന്റെ വഴികളിൽ റോസാ പൂക്കൾ വിതറുന്നത് കൊണ്ടായിരിക്കും...
തിരമാലകൾ എണ്ണിക്കൊണ്ട് ഈ കടൽ തീരത്തുകൂടി വർത്തമാനം പറഞ്ഞു നടന്നത് എത്ര പെട്ടന്നാണ് ഓർമ്മയുടെ ആഴക്കടലിലേക്ക് മുങ്ങിപ്പോയത്...
താൻ പിന്മാറിയത് കൊണ്ട് തകർന്നു പോയത് അവനാണ്..
പക്ഷെ അവനിപ്പോൾ എവിടെയാണ്....
അറിയില്ലാ
പെട്ടന്നൊരു തണുത്ത കാറ്റടിച്ചു .
അവളിതാ കാറ്റിൽ ലയിച്ചു ആത്മാക്കളുടെ ലോകത്തിലേക്ക്‌ തിരിച്ചു യാത്രയായി ..
.എന്നെങ്കിലും അവൻ വരുമെന്ന് വിചാരിച്ച്...
അജിത്‌ പി നായർ

Monday, May 20, 2013

മഴയുടെ ചൂളംവിളി..






ട്രെയിനിൻറെ ചൂളം വിളിക്കായ് കാതോർത്തു നിൽക്കവേ...

വാനിലൊരു കാർമേഘ രാഗത്തിൻ മേളമായ്.

കുഞ്ഞു തുള്ളിയായ് മാനത്തു നിന്നൊരാ

കാർമുകിൽ മുത്തുകൾ ഭൂമിയിൽ പൊഴിയവെ.

വേഗത്തിലോടി ഞാൻ വാതിൽക്കൽ എത്തവേ...

ദൂരത്തു നിന്നിതാ ഓടിവരുന്നവൾ...

മിന്നലിൻ വെട്ടത്തിൽ പൂർണ്ണമായ്‌ ആരൂപം

സ്വപനത്തിൽ കണ്ടൊരു മോഹവും സത്യമായ്

മഴയിൽ പൊതിഞ്ഞൊരാ സുന്ദര രൂപത്തെ

കണ്ടൊരു മാത്രയിൽ പ്രേമം വിരിഞ്ഞുവോ?

മഴത്തുള്ളികൾ ഊർന്നു വീണൊരാ കവിളിൻ മുകളിൾ

ഒരു ചുംബനം നൽകാൻ കൊതിച്ചീടുന്നുവോ ....

നെറ്റിത്തടത്തിലെ കുങ്കുമം മാഞ്ഞുപോയ് ...

ചുണ്ടിലൊരു ചിരി മാത്രം മായാതെ..

മുത്തശ്ശി കഥയിൽ ഞാൻ കേട്ട രാജകുമാരിയോ

അതോ കൃഷ്ണനെ പ്രണയിച്ച രാധയും നീയോ.

ദേവിയെ പ്രണയിച്ച പൂജാരിയെപ്പോൾ

ഞാനും എൻ പ്രണയവും നിന്നെ ക്ഷണിക്കുന്നു...

മഴയുടെ ഓർമ്മയും നിൻ ചിരിയുടെ ഭാവവും

പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞില്ല

ട്രെയിനുകൾ ചൂളം വിളിച്ചിതാ പോകുന്നു

എൻ കണ്ണുകൾ നിന്നെയും തേടിയിതാ അലയുന്നു


അജിത്‌ പി നായർ കീഴാറ്റിങ്ങൽ

Saturday, May 11, 2013

ഓർമ്മയിൽ മഴപെയ്യുമ്പോൾ ...(നോവൽ)



ഓർമ്മയിൽ മഴപെയ്യുമ്പോൾ ...(നോവൽ)
ഇതൊരു ചെറിയ നോവൽ ആണ് .വെള്ളിയാഴ്ച മുതൽ

വായിച്ചു തുടങ്ങാം.
മനസ്സിന്റെ ഓർമ്മയിൽ നിന്നും മാച്ചു കളഞ്ഞവരുടെ

അടുക്കലേക്കു അനിൽ നമ്പ്യാർ വീണ്ടും യാത്രയാകുന്നു.
അവന്റെ ഏറ്റവും വലിയ കൂട്ടുകാരിയുടെ ?????   
കാത്തിരിക്കുക...
മനസ്സിന്റെ ഇരുളിൽ നിന്നും മഴയുടെ ആരവങ്ങൾ....
ഉടൻ വായിച്ചു തുടങ്ങുക...

Sunday, May 5, 2013

ഓട്ടോഗ്രാഫ് (കവിത)


 



പഴയൊരാട്ടോഗ്രാഫിൻ  താളുകൾ മറിച്ചപ്പോൾ

ഓർമ്മകൾ കാലചക്രം തിരിച്ചീടുന്നു.

ചിതലുകൾ തിന്നൊരാ പേപ്പറിൻ താളുകൾ...

ആരാലും മായ്ക്കാത്ത  ഓർമ്മതൻ  തുണ്ടുകൾ..

കളിക്കൂട്ടുകാരിയായവൾ വന്നപ്പോൾ എൻ മനം

ഒരു പേമാരി പോൽ പെയ്തൊഴിഞ്ഞങ്ങുപോയ്‌ ..

കൈയ്യിലൊരു പൂവുമായ് പൂമ്പാറ്റകൾക്കൊപ്പം

ഓടിനടന്നൊരു കുട്ടിക്കാലത്ത്

നിൻ മുടിയിഴകളിൽ സൂര്യകിരണങ്ങൾ 

മായികമായൊരു വർണ്ണ പ്രഭയായ്

പുലരികൾ പ്രണയമായ് രാത്രികൾ കാവലായ്

നിലാവത്തു സഖീ നിൻ കുപ്പിവളതൻ കിലുക്കം...

വഴിയരികിൽ നിന്നെയും കാത്തങ്ങ്

നിന്നോരാനേരം ഓർമ്മയിൽ മാഞ്ഞുപോയ്..

ഒരു പിണക്കം അറിയില്ല എന്തിനോ..

ജീവിത യാത്രയിൽ പരസ്പരം കാണാതെ

കാലത്തിനൊപ്പം കൊഴിഞ്ഞങ്ങു പോയെന്നോ

മറ്റൊരാൾ ജീവിതതോണിയിൽ കൂട്ടിനായ് വന്നപ്പോൾ

ഓർമ്മകൾ  താളുകൾ മാത്രമായ്

ഇനിയില്ല...പഴയോരാ കൂട്ടുകാരിയുടെ ചിരിമുത്തുകൾ..
 
 
അജിത്‌ പി കീഴാറ്റിങ്ങൽ
 

Saturday, April 27, 2013

വന്നൊരാൾ മഴയായ്..





വേഴാമ്പലും പോയ്‌ ...നീലാമ്പലും പോയ്‌...
ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..
നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?
നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ?
കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...
ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....
സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...
ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...
വാടിയ പൂവുപോൽ...തൂവൽ കൊഴിഞ്ഞപോൾ
കണ്ണുനീർ മുത്തുകൾ മാത്രാമായ് ഗദ്ഗദം ..
അതുകണ്ട സൂര്യൻ കാർമേഘ മുത്തിനു
ഒരു ചുടു ചുംബനം മാത്രമായ്‌ നൽകി ....
ആകാശ പൂമരം പൂത്തു തളിർത്തു പോയ്‌
ഭൂമിയിലായിരം തെളിവാർന്ന തുള്ളിയായ്...
മിന്നലിൻ താളങ്ങൾ കണ്ടു രസിച്ചവൾ...
പൂമഴതുള്ളികൾ മാറോടണച്ചവൾ....
ശാലീനമായവൾ തേടിതിരഞ്ഞോരാൾ....
വന്നുപോയ്‌ ഇനിയെന്നും പാടിപറക്കുവാൻ..

കാത്തിരിപ്പിൻ മഴ പ്രണയമായ് പൂത്തുവോ.
മനസ്സിൻ മടിയിലെ താമര പൊയ്കയിൽ...


അജിത്‌ പി നായർ
 

Wednesday, April 24, 2013

നീയെത്തും നേരത്ത്....



ഇത് വെറുമൊരു യാത്രയല്ല..

ആത്മാവ് നീറുന്ന അലയുമീ യാത്ര..

ജീവിച്ചിരിക്കുന്ന പ്രണയമാം യാതന

ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ

അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം

വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ

പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ

മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ...

മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ

ആടിയുലഞ്ഞൊരു സ്വപ്നമായ് വന്നുപോയ്‌ ...

കാത്തു നിൽക്കുന്ന വീഥികൾ മറച്ചുവോ?

സമ്മാനമായൊരു പുഞ്ചിരി തന്നുവോ ...

ഞാൻ ആദ്യമായ് തന്നൊരു പൂമുത്തു മാല നീ

കൈകളിൽ വച്ചപ്പോൾ മുഖമൊന്നു വാടിയോ

പാദസ്വരതിന്റെ കിലുകിലുക്കങ്ങൾ

ആകാശഗംഗയെ പോലും തളർത്തിയോ ...

മഞ്ഞിൻ കണങ്ങൾ പോലെ നിൻ കണ്‍പീലിയിൽ

തേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...

കാലങ്ങൾ ഏറെ കൊഴിഞ്ഞങ്ങു പോകയാൽ

ഒരുമഴക്കാറുപോൾ ഇനിയുമവൾ വന്നീല ..

കാവിലെ മുകിലുകൾ പറയാതെ യാത്രയായ് ..

പാടവരമ്പത്തെ കൊറ്റിയും മാഞ്ഞുപോയ്..

മനസ്സങ്ങു പാതിരാ ലോകത്തു പായുമോ

മോഹിച്ച രാത്രികൾ മാഞ്ഞങ്ങു പോകുമോ..

ഒരു വിഷുക്കണിയായ്...ഒരു പുലർചിരിയായ്..


വീണ്ടും മനസ്സിൻറെ താളം പിടിക്കുവാൻ

നീല നിലാവത്തു ഒരു പൊൻ തൂവലായ്..

വന്നുവോ അവളിന്ന് എൻ മായിക ലോകത്തു....



അജിത് ‌ പി കീഴാറ്റിങ്ങൾ

 





Tuesday, April 23, 2013

പ്രണയത്തിൻ മഴച്ചിന്തുകൾ (കവിത)




കലാലയത്തിൻ വീഥികൾ കരയുന്നുവോ ?

ആ മഴ രാവ്‌ മറക്കുവാനാകാതെ  ...

പിണക്കത്തിലാണോ കാർമേഘ മുത്തുകൾ.

തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ...

ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..

ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ...

മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...

ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ...
മഴപ്പാട്ടുമായെൻ ജീവിത ചിന്തകൾ

ഇടനാഴികളിൽ ഒരു മുത്തം ഓർമ്മയിൽ മാത്രം ...

പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌

പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...

ജീവിത സ്വപ്‌നങ്ങൾ അവൾക്കായ് മാത്രമോ ?

എൻ പ്രണയ മഴയായ് പെയ്തൊഴിയാനായ്..

മയിലഴകിൻ ചിരിവിതറി മഴമുത്തുകൾ ...

നിൻ തളിർ ചുണ്ടുകളിൽ ചിരിമുത്തായ് പടരുമ്പോൾ..

ഒരു നിഴൽ പക്ഷിപോൽ മാറോടണച്ചു നിൻ

പ്രണയമാം ശലഭമായ് പാറിപ്പറക്കവേ ...

കുളിരുള്ള മഴയത്ത് നിലാവൊന്നു മറഞ്ഞപ്പോൾ

മനസ്സുകൾ വിതുമ്പിയോ?

ഒരു ചുടു നിശ്വാസത്തിനായ്...

മഴച്ചിത്രങ്ങൾ പതിയുന്ന ആകാശ പൊയ്കയിൽ

വിരുന്നെത്തി ഇന്നു നീ ...എൻ പ്രണയാർദ്ര ദേവതേ........


അജിത്‌ പി നായർ

Monday, April 22, 2013

മാഷേട്ടന്റെ രേവതിക്കുട്ടിക്ക്‌.......(മഴ മുത്തങ്ങൾ വിതറിയ പ്രണയ കഥ )

 
സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....
ജനാല ചില്ലകളിൽക്കൂടി..
ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....
         
ആ പ്രണയം അവൻ അറിയാതെ പോയതോ....പാട വരമ്പത്ത് കൂടി
മഴയിൽ നനഞ്ഞു കുതിർന്ന് തന്നെ വന്നു കെട്ടിപ്പിടിച്ചവളെ ,താൻ
 
കാർമേഘത്തിന്റെ ഇരുളുകളാൽ മറച്ചുവെച്ചെന്നോ?
ഇനിയൊരു  മഴത്തുള്ളിയായ് മനസ്സിൻറെ നദിക്കരയിൽ അവൾ വന്നീടുമോ...
പെയ്തു തോർന്നൊരു മഴയുടെ മൂളൽ ....
നഷ്ട്ടപ്പെട്ട ഓർമ്മകൾ മഴവില്ലുകളായ്  മനസ്സില് ചിന്നി
 
ചിതറുമ്പോൾ ...ചോദ്യങ്ങൾ വീണ്ടും കാർമേഘതുണ്ടുകളായ് .....
 
പ്രണയ നോവുകളിലെ മഴചിന്തുകൾക്കായ്‌  അവനും അവളും  വരവായ്....
 
കാത്തിരിക്കുക...... 
 
മാഷേട്ടന്റെ രേവതിക്കുട്ടിക്ക്‌.......(മഴ മുത്തങ്ങൾ വിതറിയ പ്രണയ കഥ )
 
 
BY  അജിത്‌. പി. കീഴാറ്റിങ്ങൾ
 

Sunday, April 21, 2013

അവൾക്കായൊരു മഴക്കാലം ......(കവിത)


അവൾക്കായൊരു മഴക്കാലം
 
ഓർമ്മയിൽ തെളിവായ്ചിന്നുന്ന മഴക്കാലത്തിൻ

മേഘമേ....

തെളിവാർന്നൊരു മഴയായ് പെയ്തൊഴിയുക നീയും ....

കാലങ്ങൾ എന്നെ വിളിക്കുന്നു ...

തൊടിയിലെ മഷിതണ്ടിൻ ചാർത്തിനായ് ..

പായലിൻ നനവുകൾ ,പാടത്തെ തുടികളും

മായുന്ന നന്മകളാൽ സ്മൃതികൾ പായുമ്പോൾ ..

മോഹിച്ചീടുന്നൊരു കൂട്ടുകാരീ നീ...

പെടിച്ചിരണ്ടോ... മഴക്കാലത്തു...

മഴ നൂലിനാൽ പൊതിഞ്ഞ നിൻ ചെറു പുഞ്ചിരി ...

മറക്കുവാൻ ഒരു മഴക്കാലം ക്കൂടി ..

ചന്ദന ക്കുറികൾ മാച്ച മഴ മുത്തുകളോടവൾ

പരിഭവപ്പെട്ടപ്പോൾ…

മഴവില്ലുകൾ കാട്ടിയവളെ മഴചിരിപ്പിച്ചു.

ചെറുകുടയാൽ മറഞ്ഞ നിൻ  മിഴികോണുകൾ

മഴചിന്തുകൾ മാടിയൊതുക്കിയ  ഈറൻ മുടികൾ

മഴപക്ഷികൾ പാടിയ പാട്ടിനൊപ്പം

ചിരികൾ വിടർത്തി ആകാശം തണുത്തു.

മഴകാറ്റിനൊപ്പം അവൾ എങ്ങോ പോയ്മറഞ്ഞതോർത്ത്‌ ...

ഇനിയൊരു കാർമേഘ തണുപ്പിനായവൻ കാത്തിരിക്കുന്നു.
 
 
അജിത്‌ കീഴാറ്റിങ്ങൾ
                                                

 

.

Saturday, April 20, 2013

മണൽക്കാറ്റും മഴക്കാറും

ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയപ്പോൾ തന്നെ മഴക്കാറുകൾ ഇന്ന് എന്നെ ക്കാണാൻ എത്തി.പറയുന്നത് ഇങ്ങു ദുഫായീലെക്കാരിയമ കൂട്ടരേ...
രാവിലെ മുതൽ ഒരു ചാറ്റൽ മഴ...ഇവിടെ  ഇന്ന് ഡ്യൂട്ടി ദിവസമാ അല്ലെങ്ങിൽ കുറച്ചു മഴയൊക്കെ ആസ്വദിക്കാമായിരുന്നു..
ഏതായാലും മഴക്കാറുകളെ..... ചാറ്റൽ മഴകളെ നന്ദി...എന്നെ അനുഗ്രഹിക്കാൻ വന്നതിനു...ഈ മഴമേഘങ്ങളെ നാട്ടിലോട്ടു പോയി അവിടെ തകർത്തു പെയ്യു..................

പനയിലെ യക്ഷിയും മഴയുടെ താളവും (വൈഷ്ണവി )


അന്നത്തെ ആകാലം മൊബൈലിന്റെ ശല്യമില്ലാത്ത  ഒരു ശാന്ത ലോകമായിരുന്നു.ആദ്യമായി സ്കൂളിലോട്ട് പോകുന്ന ദിവസമാ   ...ഒരു പുതിയ സന്തോഷത്തിന്റെ നാളുകൾ...പുതിയ പെട്ടിയും (അന്നൊക്കെ സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ പെട്ടിയാണ് ) ...സ്ലേറ്റും ,പെൻസിലും,മഷി തണ്ടും എല്ലാം ശരിയാക്കി പെട്ടിയിൽ വച്ചു...പുറത്തു ചാറ്റൽ മഴ പതിയെ അതിന്റെ താളം തുടങ്ങി.അമ്മ കുടയുമായി വന്നു .....
ചാറ്റൽ മഴയിലൂടെ സ്കൂളിലേക്ക് പതിയെ നടന്നു തുടങ്ങി ....
തൊടിയിൽ മുഴുവൻ നല്ല പച്ചപ്പ്‌...മഷി തണ്ടുകൾ ശരിക്കുണ്ട്....പാടവരമ്പിലൂടെ  നടക്കുമ്പോൾ  നല്ല തണുത്ത കാറ്റു ചാറ്റൽ മഴയിൽ പൊതിഞ്ഞു എന്നെ മൂടുന്നുണ്ടായിരുന്നു.  ഹോ ഈ നശിച്ച മഴ...എന്ന് അമ്മ പിറ് പിറുക്കുനുണ്ടായിരുന്നു..
പക്ഷെ എനിക്കത്  വല്ലാത്ത ഒരു സന്തോഷമായിരുന്നു....
വയലുകളിലെല്ലാം വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു....
സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരെല്ലാം അവിടെയുണ്ട്...മഴനനജുകൊണ്ടോടിവരുന്ന സന്തോഷിനെ അവന്റെ അമ്മ വഴക്ക് പറയുന്നുണ്ടായിരുന്നു...
ആദ്യമായി ക്ലാസ്സിലിരുന്നപ്പോഴും ഞാൻ നോക്കി നിന്നത് മഴയുടെ ആ സൌന്ദര്യമായിരുന്നു..
ആ മഴയ്ക്ക്‌ ഒരു താള മുണ്ടായിരുന്നു..  ജന്നളില്ക്കൂടി മഴ ആസ്വദിക്കുമ്പോഴാണ്  തലയിൽ  തുള്ളി തുള്ളി യായി മഴ എന്നെ പൊതിയുന്നത്....
ഓടിട്ട സ്കൂളിൽ മഴയ്ക്കകതുവരാൻ  ഒരാവേശ മായിരുന്നു...
ടീച്ചര് എന്നെ മാറ്റിയിരുത്തി...ഇടിയും മിന്നലും ചെറുതായി ...മഴയെ പൊതിയുന്നുണ്ട്‌  ....ജനലിൽ  ക്കൂടി  പുറത്തേക്കു നോക്കിയപ്പോൾ  ആ പന കണ്ടത്...
മഴയത്ത് നില്ക്കുന്ന ആ പന കണ്ടപ്പോൾ പേടി തോന്നി...
ആരോ പറഞ്ഞു കേട്ടിരിക്കുന്നു ആ പനയിൽ യക്ഷി ഉണ്ടെന്നും  അത് ചോരകുടിക്കുമെന്നും
കാർമേഘം മൂടിയ ആ അന്തരീഷം പേടി ജനിപ്പിക്കുന്നതായിരുന്നു...മഴയെ  പേടിയായി  തോന്നിത്തുടങ്ങി .....
പന മനസ്സില് ഇരുട്ടുമൂടി ....
സ്കൂളിൽ നിന്നും വീട്ടിലെത്തിയിട്ടും മനസ്സില് മഴയും യക്ഷിപ്പനയും ആയിരുന്നു...
ഉറങ്ങാൻ കിടന്നപ്പോഴും മഴ പുറത്തു താളം തുടങ്ങി.........


ഓർമ്മയിലെ മഴ താളിൽ നിന്നും
വൈഷ്ണവി  എഴുതിയത്





 

ആസിഡ് മഴ

ഇന്നത്തെ ഡൽഹിയിലെ സംഭവങ്ങൾ കാണുമ്പോൾ നമ്മൾ ലജ്ജിക്കേണ്ടിയിരിക്കുന്നു.പിഞ്ചു കുഞ്ഞുങ്ങളോട് പോലും കൊടും ക്രുരത കാണിക്കുന്ന  ഈ കാപാലികൻമാരുടെ തലയിൽ ഒരു ആസിഡ് മഴ പെയ്തെങ്കിൽ  എന്നാഗ്രഹിക്കുന്നു.ഇവന്മാരെയൊക്കെ നിയമത്തിനു വിട്ടു കൊടുത്തിട്ട് ഒരു കാര്യവുമില്ല.മഴചിന്തുകൾ എന്നാ ഈ ബ്ലോഗ്‌  ആ മോൾക്ക്‌  എല്ലാ പ്രാർഥനകളും നേരുന്നു.

Friday, April 19, 2013

ഓർമ്മയിൽ മഴപെയ്യുമ്പോൾ ...

ഒരു മഴയ്ക്കായ്‌ നമ്മൾ കാത്തിരിക്കുകയാണ്‌.ചുട്ടു പൊള്ളുന്ന ഈ വേനലിൽ നിന്നും ആ ഒരു മഴ  വരില്ലേ?  മഴ ......അതെന്നും ഒരു ഹരമാണ്....മഴ ഒരു പ്രണയത്തിന്റെ ഓർമ്മയാണ്...ഒരു വിരഹത്തിന്റെ ഗാനമാണ്...
                സ്കൂൾ തുറക്കുമ്പോൾ പെയ്ത ആനനുത്ത  മഴ ആര്ക്കാണ് ഓർമ്മയില്ലാത്തത്...മഴയ്ക്ക്‌...ഒരുപാടു ഓർമ്മകൾ നല്കാനുണ്ടാകും ...ആ ഓർമ്മയിലൂടെ നമുക്ക് നനയാം.......
                  ഓർമ്മയിൽ മഴപെയ്യുമ്പോൾ.....ഇവിടെ തുടങ്ങുന്നു...........